ആലപ്പുഴ: നിരവധി പേരാണ് സ്വന്തം വീടുകളിലേക്ക് മടങ്ങാനാകാതെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. സന്നദ്ധപ്രവര്‍ത്തകരും മറ്റും എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് ക്യാമ്പുകളിലുള്ളവരുടെ ആശ്രയം.
ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നവര്‍ ശ്രദ്ധിക്കുക, ക്യാമ്പിലേക്ക് കൂടുതല്‍ ആവശ്യം ചെറുപയറും വെളിച്ചെണ്ണയും റവയുമാണ്. രാവിലെ ഉപ്പുമാവും ചെറുപയര്കറിയുമാണ് പ്രധാന വിഭവം. ഇടയ്ക്ക് പഴവുമുണ്ടാകും. ഉച്ചയ്ക്കു ചോറും സാമ്പാറും കറികളും. രാത്രി ചെറുപയറും കഞ്ഞിയും ഉള്‍പ്പടെ ആരോഗ്യസമ്പുഷ്ടമാണ് ക്യാമ്പിലെ വിഭവങ്ങള്‍.
സാധനങ്ങളൊന്നും പുറത്തു നിന്നു വാങ്ങേണ്ടതില്ലെന്നതാണ് പ്രധാനം. വിവിധയിടങ്ങളില്‍ നിന്ന് സഹായമായി ലഭിക്കുന്നവയാണിതൊക്കെ. ആലപ്പുഴ ജില്ലയിലെ അഞ്ചു പ്രധാന സംഭരണശാലകളില്‍ എത്തുന്ന സാധനങ്ങള്‍ ഓരോ ക്യാമ്പിലേയും ആവശ്യമനുസരിച്ച് വിതരണം ചെയ്യുകയാണ്. ഉടനെ തന്നെ മൊബൈല്‍ ആപ് വഴി ആവശ്യമുള്ള സാധനങ്ങളുടെ വിവരമറിയിച്ചാല്‍ സാധനങ്ങള്‍ ക്യാമ്പിലെത്തിക്കാന്‍ നടപടി ആയിവരികയാണ്. ഇതോടെ സാധനങ്ങള്‍ അന്വേഷിച്ചു ഓടിനടക്കേണ്ട അവസ്ഥയുമില്ലാതാകും.
കുട്ടനാട് ഒഴികെയുള്ള ചേര്‍ത്തല, അമ്പലപ്പുഴ, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപള്ളി താലൂക്കുകളിലാണ് ക്യാമ്പുകള്‍. ഇതില്‍ മാവേലിക്കര, കാര്‍ത്തികപള്ളി താലൂക്കുകളില്‍ സാധനങ്ങളൊന്നും വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ക്യാമ്പുകള്‍ ഒരാഴ്ചയ്ക്കുള്ള വിഭവങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ കലക്റ്ററേറ്റില്‍ അറിയിച്ചിട്ടുള്ളത്.