ആലുവ: പ്രളയദുരിതത്തില്‍ സഹായം തേടി നടന് സലിം കുമാറും. താമസിക്കുന്ന വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് സഹായമഭ്യര്‍ഥിച്ച് നടനെത്തിയത്. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ ആലംമാവ് ജംഗ്ഷനിലാണ് താരത്തിന്റെ വീട്. ഇവിടെ മുപ്പതിലധികം പേര്‍ക്ക് അഭയം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സലിം കുമാറിന്റെ വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയത്.
വൈകുന്നേരം മൂന്ന് മണിയോടെ വീട് ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും ആളുകള്‍ അഭയം ചോദിച്ചെത്തിയതോടെ ഇവിടെ തുടരാന്‍ തീരുമാനിച്ചു. ഉച്ചയോടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്കും വെള്ളം കയറുന്ന സാഹചര്യമാണ്. നിരവധി പ്രായമായവര്‍ ഒപ്പമുണ്ടെന്നും താരം പറയുന്നു. ഇനിയും വെള്ളം കയറിയാല്‍ ടെറസിന് മുകളില്‍ കയറാം. എന്നാല്‍ ടെറസില്‍ കയറാന്‍ സ്റ്റെയറുകളില്ല, പോരാത്തതിന് സ്ഥലം കുറവ്.
എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയാണ്. പലരെയും ഫോണ്‍ ചെയ്തുപറഞ്ഞിട്ടുണ്ട്. തൊട്ടടുത്തുള്ള മൂന്ന് കുടുംബങ്ങളും ഇതുപോലെ കുടുങ്ങിക്കിടക്കുകയാണ്. വീടിന് മുന്നില്‍ നല്ല ഒഴുക്കാണ്. നീന്തിപ്പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സലിം കുമാര്‍ പറയുന്നു.