കൊല്ലം : കേരളത്തെ നടുക്കിയ ഉത്ര കൊലപാതകക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി. സൂരജിനുള്ള ശിക്ഷ നാളെ വിധിക്കും. പരമാവധി ശിക്ഷ നല്‍കണമെന്ന് ഉത്രയുടെ മാതാപിതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും പ്രോസിക്യൂഷന് വാദിച്ചു. വിധി കേള്‍ക്കാനായി കോടതിയിലെത്തിച്ചപ്പോഴും സൂരജ് നിര്‍വ്വികാരനായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തനിക്ക് അച്ഛനും അമ്മയും ഉണ്ട്. അവരെ സംരക്ഷിക്കണം എന്നാണ് സൂരജ് മറുപടി നല്‍കിയത്.
പ്രതിയുടെ പ്രായവും മാനസാന്തരത്തിനുള്ള സാഹചര്യവും കുറഞ്ഞശിക്ഷ നല്‍കാനുള്ള അനുകൂല ഘടകമായി പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന് ആവശ്യപ്പെട്ടു. വിധി കേള്‍ക്കാന്‍ പ്രശസ്ത പാമ്പുപിടുത്തക്കാരന് വാവ സുരേഷും കോടതിയിലെത്തിയിരുന്നു.