തിരുവല്ല: സിമോണ ഇനി കുഴിക്കാട്ടില്ലത്തെ ‘തുളസി’. സ്ലൊവാക്യന്‍ പൗരയായ സിമോണ ഹിന്ദുമതം സ്വീകരിച്ച് തിരുവല്ലയുടെ മരുമകളായി എത്തുന്നു. കുഴിക്കാട്ടില്ലത്ത് കാളിദാസന് അഗ്നിശര്‍മന്റെ വധുവായിട്ടാണ് സിമോണയെത്തുന്നത്.
ഒട്ടേറെ ക്ഷേത്രങ്ങളുടെ താന്ത്രിക ആചാര്യസ്ഥാനമുള്ള കുഴിക്കാട്ടില്ലത്തെ കാളിദാസന് ഭട്ടതിരിപ്പാടിന്റെ മകനാണ് കാളിദാസന് അഗ്നിശര്മന്. നെതര്‍ലന്‍ഡില്‍ ജോലി ചെയ്യുമ്പോഴാണ് കാളിദാസന് സിമോണയെ (20) പരിചയപ്പെടുന്നത്. ഫിലിം സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദമുള്ള അഗ്നിശര്മന് ഇതേ മേഖലയില്‍ പഠനം നടത്തുന്ന സിമോണയെയാണ് വധുവായി തിരഞ്ഞെടുത്തത്.
ചെങ്ങന്നൂര്‍ ആര്യസമാജം ശാഖയില്‍ നടന്ന ചടങ്ങിലാണ് സിമോണ ഹിന്ദുമതം സ്വീകരിച്ചത്. തുടര്‍ന്ന് തൃശൂര്‍ തെക്കേമഠത്തില്‍ ഇന്നലെ നടന്ന വൈദിക കര്മങ്ങളിലൂടെ കോട്ടയം കുമാരനല്ലൂര്‍ വടക്കുംമ്യാല്‍ ഇല്ലത്ത് വിഎസ് മണിക്കുട്ടന് നമ്പൂതിരിയും പത്നി എം ഗംഗയും ചേര്‍ന്നു സിമോണയെ ദത്തെടുത്തു. തുളസി എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.
വൈദികന് എടപ്പാള്‍ ചാങ്ങിലിയോട് ശങ്കരനാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുപ്പതോളം വൈദികര്‍ ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിച്ചു. ബ്രാഹ്മണാചാര പ്രകാരം വിവാഹത്തോടനുബന്ധിച്ചുള്ള അയിനൂണ് ചടങ്ങ് നാളെ കുമാരനല്ലൂര്‍ വടക്കുംമ്യാല്‍ ഇല്ലത്തും ഹോമാദികളോടെയുള്ള വിവാഹ ചടങ്ങ് 17നു തിരുവല്ല കുഴിക്കാട്ടില്ലത്തും നടക്കും.