നിരവധി പേരുടെ ഉപജീവനമാര്‍ഗങ്ങളാണ് കോവിഡ് കാലത്ത് ഇല്ലാതായത്. ഇക്കൂട്ടത്തില്‍ കൊച്ചി സ്വദേശിനി സുല്‍ഫത്തുമുണ്ട്. ഭക്ഷണസാധനങ്ങള്‍ വീട്ടിലുണ്ടാക്കി കടകള്‍ തോറും എത്തിച്ചായിരുന്നു സുല്‍ഫത്ത് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. എന്നാല്‍ കോവിഡും ലോക്ഡൌണും സുല്‍ഫത്തിന്റെ ജീവിതതാളം തെറ്റിച്ചു.
തന്റെ വഴങ്ങാത്ത കൈകൊണ്ട് അപ്പമുണ്ടാക്കി വിറ്റായിരുന്നു സുല്‍ഫത്ത് അന്നന്നത്തെ അന്നത്തിനുളള വക കണ്ടെത്തിയിരുന്നത്. എന്നാല്‍ കോവിഡ് കാരണം വരുമാന മാര്‍ഗം ഇല്ലാതായതോടെ പട്ടിണിയും പരിവട്ടവുമായി ദിവസങ്ങള്‍ തളളിനീക്കുകയാണ് സുല്‍ഫത്തും കുടുംബവും.
സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല. താമസിച്ചിരുന്ന വാടക വീട് ഒഴിയേണ്ടി വന്നു. ഇപ്പോള്‍ കഴിയുന്ന ഈ ലൈന്‍ മുറി കെട്ടിടത്തില്‍ നിന്ന് ഏത് നിമിഷവും ഇറങ്ങേണ്ടി വരുമെന്ന ഭയത്തിലാണ് സുല്‍ഫത്ത്. വിവാഹിതയായെങ്കിലും സുല്‍ഫത്തിന് തുണയ്ക്കാരുമില്ല. വിധവയായ മകളും പറക്കമുറ്റാത്ത അവളുടെ രണ്ട് മക്കളുമാണ് കൂടെയുളളത്.
സുല്‍ഫത്തിന് മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ചാണ് വലതു കൈക്ക് ബലഹീനതയുണ്ടായത്. തീപ്പൊളളലേറ്റ് ഇടത് കൈക്കും പരിക്ക് പറ്റിയതോടെ ജീവിതം ദുസ്സഹമായി. എങ്കിലും കുടുംബം പോറ്റാന്‍ തന്നെക്കൊണ്ടാകുന്ന ജോലിയൊക്കെ ചെയ്തുപോന്നു. പക്ഷേ, ഇന്ന് കോവിഡ് തീര്‍ത്ത ദുരിതക്കയത്തില്‍ നിന്ന് കരകയറാന്‍ സുല്ഫത്തിനാകുന്നില്ല. കുടുംബം പട്ടിണിയിലാണ്.