നിലമ്പൂര്‍: കനത്ത മഴയില്‍ മലപ്പുറം ജില്ലയിലെ പല സ്ഥലങ്ങളിലും ജലനിരപ്പുയര്‍ന്നു. മലയോരമേലകളായ കരുവാരകുണ്ട്, കാളികാവ് ഭാഗങ്ങളില്‍ പുഴയിലും കൃഷിയിടങ്ങളിലും അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.
നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയിലും വെള്ളം കയറി. ഒരു മണിക്കൂറോളം സംസ്ഥാന പാത മങ്കുണ്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് കാളികാവ് മങ്കുണ്ട് ,ചെങ്കോട്, അടക്കാക്കുണ്ട് ഭാഗങ്ങളിലെ കൃഷിയിടങ്ങളിലും ജലനിരപ്പുയര്‍ന്ന് റോഡിലേക്കും വെളളം കയറിയത്. ഇതോടെ പുഴയുടെ സമീപ പ്രദേശങ്ങളിലുള്ളവരും താഴ്ന്ന ഭാഗങ്ങളിലുളള കുടുംബങ്ങളും ഭീതിയിലായി.
കനത്ത മഴക്കിടെ പുഴയിലൂടെ കലങ്ങിയ വെളളം കുത്തിയൊലിച്ച് വരാന്‍ തുടങ്ങിയതോടെയാണ് ഉരുള്‍പൊട്ടലുണ്ടായതായി പ്രചരണമുണ്ടായത്. ജലനിരപ്പുയര്‍ന്ന് ചെത്തുകടവിലെ ലോഡ്ജിലും സമീപത്തെ മൈതാനത്തും വെളളം കയറി. ചാഴിയോട് പാലത്തിനു മുകളിലും തൊട്ടടുത്ത കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.