കോഴിക്കോട്: നടക്കാവില്‍ പഴയ പെട്രോള്‍ പമ്പിന്റെ ഡീസല്‍ ടാങ്കിന് തീപിടിച്ചു. ക്രിസ്ത്യന്‍ കോളേജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടിച്ചത്. അപകടത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്.
പമ്പിന്റെ പരിസരത്ത് നേരത്തെ വര്‍ക്ക് ഷോപ്പുകളും മറ്റു കടകളും പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ബസ് സര്‍വ്വീസ് നടത്തിയിരുന്ന കാലിക്കറ്റ് മോട്ടോര്‍ സര്‍വ്വീസിന്റെ ഭാഗമായിരുന്നു ഗാരേജും പമ്പും. അതിന്റെ പഴയ ഡീസല്‍ ടാങ്കാണ് അപകടത്തില്‍പ്പെട്ടത്.
ഡീസല്‍ ടാങ്ക് ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ടാങ്കില്‍ ക്രീസിന്റെയും ഡീസലിന്റെയും അംശമുണ്ടായിരുന്നു. ഇതിലേയ്ക്ക് ഗ്യാസ് കട്ടറില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്.