പാലക്കാട്: മതസൗഹാര്‍ദത്തിന്റെ നന്മനിറഞ്ഞ പാഠങ്ങള്‍ പങ്കുവച്ച് അശരണരുടെ ദൈവദൂതന് ഫിറോസ് കുന്നംപറമ്പില്‍. നിര്‍ധനര്‍ക്ക് ഒരു വിളിപ്പാടകലെ സഹായഹസ്തവുമായി എത്തി, ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍. നിരവധി പേര്‍ക്കാണ് സോഷ്യല്‍മീഡിയയിലൂടെ ഫിറോസിന്റെ സഹായമെത്തുന്നത്.
മതത്തിനും ജാതിയ്ക്കും അപ്പുറത്ത് മനുഷ്യത്വമാണ് വലുതെന്ന് പറയുകയാണ് ഫിറോസ്. തരൂര്‍ വാളക്കരയില് ഒരു ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹത്തിന് സഹായമെത്തിച്ച് മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് വീണ്ടും മാതൃകയാകുകയാണ് അദ്ദേഹം. തരൂര്‍ വാളങ്കര സ്വദേശി കനകയുടെ മകളുടെ വിവാഹത്തിന് മുന്‍കയ്യെടുത്ത ഉസ്താദിനെ കുറിച്ചുള്ള ഫിറോസിന്റെ വാക്കുകള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ മക്കളെ വീട്ടുജോലി ചെയ്താണ് കനക വളര്‍ത്തിയത്. മൂത്തമകളുടെ വിവാഹം വീടിന്റെ ആധാരം പണയം വച്ച് നടത്തിയതോടെ ഈ കുടുംബം കടക്കെണിയിലായി.
എന്നാല്‍ രണ്ടാമത്തെ മകളെ വിവാഹം കഴിപ്പിച്ചയക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന ഈ അമ്മയുടെ സങ്കടം ഇവരുടെ വീടിന് സമീപത്തുള്ള പള്ളിയിലെ ഉസ്താദിനെ എറെ വേദനിപ്പിച്ചു. ഈ ഉസ്താദാണ് ഫിറോസിനെ കനകയുടെ കുടുംബത്തെ കുറിച്ച് അറിയിക്കുന്നത്.
ഉടനെ തന്നെ അവരുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷം സ്വന്തം വീട്ടുപണിക്കായി മാറ്റി വച്ച രണ്ടുലക്ഷം രൂപ ഫിറോസ് ഇവര്‍ക്കായി നല്‍കുകയായിരുന്നു. ഈ പണത്തിന് സ്വര്‍ണം വാങ്ങി അമ്മയെ ഏല്‍പ്പിക്കുകയും ചെയ്തു. മതസൗഹാര്‍ദത്തിന്റെ വേറിട്ട ഈ കാഴ്ചയ്ക്ക് സൈബര്‍ ലോകം നിറഞ്ഞ കൈയ്യടി നല്‍കുകയാണ്.