കൊച്ചി :രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്ത്. കോവിഡ് രണ്ടാംതരംഗം വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനിടെയാണ് പുതിയ കണക്ക് പുറത്തുവന്നത്.
ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലെ കണക്ക് പ്രകാരമാണ് രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാർ വന്നുപോയ വിമാനത്താവളങ്ങളിൽ കൊച്ചി മൂന്നാം സ്ഥാനത്തെത്തിയത്. ജൂൺമാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ട് ഇരട്ടിയിലിധികം വർധനവ് രേഖപ്പെടുത്തി.
ഇരുപത് വർഷത്തിനിടെ ആദ്യമായാണ് നാലാം സ്ഥാനത്ത് നിന്ന് കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്ത് എത്തുന്നത്. 2021 മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ 5,89,000 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലെത്തിയത്. ഡൽഹി, മുംബൈ വിമാനത്താവളങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ഏപ്രിൽ മാസത്തിൽ മാത്രം കൊച്ചി വിമാനത്താവളത്തിൽ 1,38,000 രാജ്യാന്തര യാത്രക്കാർ വന്നുപോയി. ഈ കണക്ക് പ്രകാരം ഡൽഹിക്ക് പുറകെ രണ്ടാം സ്ഥാനത്താണ് കൊച്ചി. ജൂണിലും യാത്രക്കാരുടെ എണ്ണത്തിൽ സിയാൽ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന് മുമ്പ് പ്രതിവർഷം ഒരുകോടി യാത്രക്കാർ സിയാൽ വഴി കടന്നുപോയിരുന്നു.