കൈക്കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നപ്പോഴും തളരാതെ പോരാടി ഇന്ന് പോലീസുദ്യോഗസ്ഥയായി ജീവിത വിജയത്തിലേക്ക് ചവിട്ടിക്കയറിയിരിക്കുകയാണ് ആനി ശിവ. കേരളത്തിന് ഇന്ന് ആനി ശിവയുടെ കഥ വലിയ പ്രചോദനമാണ്.
ഈ നേട്ടങ്ങള്‍ക്ക് പിറകില്‍ താന്‍ പിന്നിട്ട വഴികള്‍ അഭിനാനത്തോടെ ആനി പറയുന്നതും കേട്ടതാണ്. അക്കൂട്ടത്തില്‍ താങ്ങും തണലും ആയി നിന്ന് സ്വപ്നം കാണാന്‍ പഠിച്ച ഒരു മനുഷ്യനെ കുറിച്ച് അവര്‍ പറഞ്ഞിരുന്നു. ഷാജി എന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ആരാണ് ആനിയുടെ ജീവിതത്തില്‍ എന്ന ചോദ്യത്തിന്, എന്റെ അച്ഛനും ചേട്ടനും അങ്ങനെ ജീവിതത്തില്‍ ആരെല്ലാമുണ്ടോ അതെല്ലാമാണ് ഈ മനുഷ്യനെന്ന് ആനി അഭിമാനത്തോടെ പറയും.
പാസിങ് ഔട്ട് കഴിഞ്ഞിട്ടും സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം അണിഞ്ഞ് ആനി കാത്തിരുന്നതും ഷാജി ചേട്ടന് വേണ്ടിയായിരുന്നു. ഒടുവില്‍ ഷാജി എത്തിയാണ് ആനിയുടെ തോളില്‍ നക്ഷത്രങ്ങള്‍ ചാര്‍ത്തി നല്‍കിയത്. പിന്നാലെ കവിളില്‍ സ്നേഹത്തിന്റെ മുത്തവും സമ്മാനിച്ചു.
ആനി തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എസ്ഐ പരീക്ഷ അടക്കം ആനിയെ എഴുതാന്‍ പ്രേരിപ്പിച്ചതും ഇദ്ദേഹമായിരുന്നുവെന്നും ആനി പറയുന്നു.
ആനിയുടെ കുറിപ്പ്:
‘പാസിങ് ഔട്ടിന്റെ പിറ്റെ ദിവസവും സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം ഇട്ടു KEPA യില്‍ കറങ്ങി നടക്കുന്നത് കണ്ടപ്പോള്‍ പലരും ചോദിച്ചു സ്റ്റാര്‍ വെക്കാതെ എന്താ ഇങ്ങനെ നടക്കുന്നതെന്ന്..ദാ ഇങ്ങേര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അല്ലായിരുന്നോ…ഈ മനുഷ്യന് അല്ലാതെ വേറെ ആര്‍ക്കാ എനിക്ക് സ്റ്റാര്‍ വച്ച് തരാനുള്ള അര്‍ഹത ഉള്ളത്..സര്‍വീസിന്റെ അവസാന നാള് വരെ ഒരു അപാകതയും പറ്റാതിരിക്കട്ടെ എന്നും പറഞ്ഞു തന്ന മുത്തം ഉണ്ടല്ലോ അതാണ് എന്റെ ഊര്‍ജം.ഈ ഒരു നിമിഷത്തിന് വേണ്ടി ആയിരുന്നില്ലേ എല്ലാ കഷ്ടപ്പാടുകളും..’