കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതില്‍ കെഎസ്ഇബിയോട് വിശദീകരണം തേടി. വയനാട് കലക്ടറാണ് വിശദീകരണം തേടിയത്. കളക്ടര്‍ പോലും അറിയാതെയാണ് ഉദ്യോഗസ്ഥര്‍ അണക്കെട്ട് തുറന്നത്.
ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ പ്രഖ്യാപിക്കാതെ അണക്കെട്ട് തുറന്നുവിടുകയായിരുന്നു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. അണക്കെട്ട് തുറന്നതോടെ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്.
ബാണാസുര അണക്കെട്ട് നിറഞ്ഞു കവിഞ്ഞതിനെത്തുടര്ന്നു നാലു ഷട്ടറുകളും കൂടി 190 സെന്റീമീറ്റര്‍ ഉയര്‍ത്തിയത് വെള്ളിയാഴ്ച 160 സെന്റീമീറ്ററായി കുറച്ചിരുന്നു. ശനിയാഴ്ച രാവിലെ മഴ കുറഞ്ഞപ്പോള്‍ ഇത് 80 സെന്റിമീറ്ററായി ചുരുക്കിയെങ്കിലും ഉച്ചകഴിഞ്ഞ് മഴ ശക്തമായി. നീരൊഴുക്ക് വര്‍ധിച്ചു. ഇതേത്തുടര്‍ന്നാണ് വൈകുന്നേരം ആറരയോടെ ഷട്ടറുകള്‍ കുറച്ചുകൂടി ഉയര്‍ത്തിയത്.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുകയാണെങ്കില്‍ ഇനിയും ഷട്ടര്‍ 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വരും.
അതേസമയം എല്ലാ അറിയിപ്പുകളും നല്‍കിയശേഷമാണ് അണക്കെട്ട് തുറന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി.