തിരുവനന്തപുരം: ജൂലായ് 15നുള്ളില്‍ 40 വയസിനു മുകളിലുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് നല്കാന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന് ലഭിക്കും.
45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാനുള്ളത്. ഇവര്‍ക്ക് ജൂലായ് 15നുള്ളില്‍ വാക്സിന് നല്‍കും. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്റെ ഫലങ്ങള്‍ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും.
ലോകമെമ്പാടും കോവിഡ് വൈറസിന്റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വകഭേദം വന്ന പുതിയ തരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തും. വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകളും പ്രവര്‍ത്തിക്കാവുന്നതാണെന്നും അവലോകന യോഗം തീരുമാനിച്ചു.