ആലപ്പുഴ: 52 രൂപയുടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ആള്‍ക്ക് പോലീസിന്റെ വക കിട്ടിയത് 250 രൂപ പിഴ. ആലപ്പുഴ ജില്ലയിലാണ് സംഭവം. നെഹ്റു ട്രോഫിവാര്‍ഡ് കിഴക്ക് തയ്യില്‍ കായല്‍ നിവാസി ബംഗ്ലാവ് പറമ്പില്‍ പ്രമോദിന്റെ മകന് പ്രേം കുമാറിനെ ആണ് പോലീസ് വട്ടം കറക്കി പിഴിഞ്ഞ് കാശ് വാങ്ങിയത്.
ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപത്തുവെച്ചാണ് പ്രേംകുമാറിനെ പോലീസ് പിടികൂടി പിഴ ചുമത്തിയത്. സര്‍ക്കാര്‍ വക കിറ്റ് വാങ്ങാന്‍ റേഷന്‍കടയിലേക്ക് പോയതാണ് പ്രേകുമാര്‍. കിറ്റ് ഇല്ലാതിരുന്നതിനാല്‍ റേഷന്‍ അരിയും വാങ്ങി വരുവഴിയാണ് പിഴ ചുമത്തിയത്.
താന്‍ റേഷന്‍ കടയില്‍ പോയതാണെന്ന് പ്രേംകുമാര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ പോലീസ് ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല. റേഷന്‍ കാര്‍ഡ് കാണിച്ചു, വാങ്ങിയസാധനങ്ങള്‍ കാണിച്ചു, എന്നിട്ടും അലിവുണ്ടായില്ല എന്നാണ് പ്രേംകുമാര്‍ പറഞ്ഞത്. തുടര്‍ന്ന് 250 രൂപ പിഴ ചുമത്തുകയായിരുന്നു.