കൊച്ചി: മഴ സംഹാര താണ്ഡവം തുടരുമ്പോള്‍ ഓരോ ജീവനെയും മാറോട് ചേര്‍ക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകരുടെ എല്ലാം മനസ്സില്‍ ജീവനുണ്ടാകണമേ എന്നു മാത്രമാണ്. സ്വന്തം ജീവന് പണയം വച്ചിട്ടാണ് സേനകള്‍ എത്രയോ ജീവനുകള്‍ക്ക് രക്ഷകരാകുന്നത്.
ചെറുതോണിയിലെ അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തിയപ്പോള്‍ വെള്ളം കുതിച്ചൊഴുകി വരുമ്പോള്‍ ചെറുതോണി പാലത്തിലൂടെ പിഞ്ചു കുഞ്ഞിനെ രക്ഷിച്ചോടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചെറുതോണി പാലം മുങ്ങുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് അസുഖ ബാധിതനായ കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുന്ന ആ രക്ഷാപ്രവര്‍ത്തകനെ തേടുകയായിരുന്നു സൈബര്‍ ലോകം.
ന്യൂസ് 18 കേരള ചാനലിലെ ക്യാമറാമാന് കണ്ണന് പ്രസന്നനാണ് ദുരന്ത നിവാരണ സേനാ പ്രവര്‍ത്തകന്റെ ദൃശ്യം ഒപ്പിയെടുത്തത്. ചിത്രം വൈറലായതോടെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് അടക്കമുള്ളവര്‍ ഇദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ദുരന്ത നിവാരണ സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ബിഹാര്‍ സ്വദേശിയായ കനയ്യ കുമാറാണ് ആ രക്ഷകന്. കുതിച്ചുപായുന്ന വെള്ളത്തെ വകവെക്കാതെ കുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് പാലത്തിലൂടെ മറുവശമെത്തിയ ഇദേഹത്തെ തേടി സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.
കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ചെറുതോണി പാലം കടക്കാതെ മറ്റ് മാര്‍ഗമില്ലാതെ വന്നു. മരങ്ങള്‍ അടക്കം കടപുഴകി കുത്തിയൊലിക്കുന്ന ചെറുതോണി മുറിച്ച് കടക്കുന്നത് വലിയ വെല്ലുവിളിയായി. പ്രത്യേകിച്ച്, പാലം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയില്‍. എങ്കിലും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കണമെന്ന വയര്‍ലെസ് സന്ദേശം ലഭിച്ച പാടേ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന് കനയ്യകുമാര്‍ ആ സാഹസം ഏറ്റെടുക്കുകയായിരുന്നു. അക്കരെയെത്തി കുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് മറുകരയിലേക്ക് പാഞ്ഞു, ആശുപത്രിയിലേക്കെത്തിച്ചു.
ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ ഉയര്‍ത്തിയപ്പോഴാണ് കനയ്യയും കുഞ്ഞും സാഹസികമായി പാലം മുറിച്ച് കടന്നത്. രണ്ട് കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയിലാണ് കുഞ്ഞിനെ എത്തിച്ചത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെറുതോണി പാലത്തിന് സമീപത്തുള്ളവരെയെല്ലാം നേരത്തെ ഒഴിപ്പിച്ചിരുന്നു.
ന്യൂസ് 18ന്റെ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് മന്ത്രി ജി സുധാകരന് കുറിച്ചത് ഇങ്ങനെ:
”മനുഷ്യത്വം മരവിച്ചിട്ടില്ല.
ഇത് ആരെന്ന് അറിയില്ല.
ആരാണെങ്കിലും അഭിനന്ദനങ്ങള്‍..
ചെറുതോണി പാലം മുങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് അസുഖ ബാധിതനായ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കുട്ടിയെയും കൊണ്ട് ദുരന്തനിവാരണ സേന അംഗം പാലത്തില്‍ നിന്ന് അതിവേഗം കടക്കുന്നു.
രക്ഷാപ്രവര്‍ത്തനം നടത്തിയ അംഗത്തിനും കുട്ടിക്കും, ഈ ദൃശ്യം പകര്‍ത്തിയ കണ്ണന് പ്രസന്നനും ഇത് ജനങ്ങളില്‍ എത്തിച്ച ന്യൂസ് 18 കേരള ചാനലിനും അഭിനന്ദനങ്ങള്‍. ഇത് ലോക ശ്രദ്ധ പിടിച്ച് പറ്റുന്ന ദൃശ്യമാണ”.