തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രികടയില്‍ വിറ്റ സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
നന്തന്‍കോട് സ്വദേശി ബാലുവിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയത്. ബാലു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വ്യാഴാഴ്ച്ചയായിരുന്നു വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രികടയില്‍ കണ്ടെത്തിയത്. അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റത്.
നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്. മോഷണക്കുറ്റത്തിനടക്കമാണ് ബാലുവിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് പോസ്റ്റര്‍ വിറ്റതെന്നും ആരോപണം ഉയരുന്നുണ്ട്. നേമത്തിനുശേഷം ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന തിരുവന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.