തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലിട്ട പോസ്റ്റിനും ഫോട്ടോയ്ക്കും താഴെ വിമര്‍ശകരുടെ പ്രതിഷേധം.
നാല്‍പ്പത്തിയെട്ടാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം മുഖ്യാതിഥിയായി ക്ഷണിച്ച മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇട്ടിരിക്കുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
മോഹന്‍ലാലിനെ മുഖ്യാതിഥിയായി പുരസ്ക്കാര ചടങ്ങിലേയ്ക്ക് ക്ഷണിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പുരസ്ക്കാരം നേടിയ അഭിനേതാക്കള്‍ മുഖ്യാതിഥികളായ വേദിയില്‍ എന്തിനാണ് മോഹന്‍ലാലിന് പ്രാധാന്യം കൊടുക്കുന്നത് എന്നായിരുന്നു വിമര്‍ശകര്‍ ഉന്നയിച്ചിരുന്നത്.
തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവര്‍ എവിടെ എന്നും അവരെ ഒതുക്കി കളഞ്ഞില്ലേ എന്നും മുഖ്യമന്ത്രിയോട് ചൊദിക്കുന്നുണ്ട്. മുഖ്യാതിഥിക്കല്ല പുരസ്ക്കാരം ലഭിച്ചതെന്നും പുരസ്ക്കാര ജേതാക്കളെയാണ് ചേര്‍ത്ത് നിര്‍ത്തേണ്ടതെന്നും പ്രതിഷേധ സൂചകമായി ആളുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി ചെയ്തത് ശരിയായില്ല എന്നുതന്നെയാണ് കൂടുതല്‍ ആളുകളും വിമര്‍ശനമായി ഉന്നയിച്ചത്. അതേസമയം, പോസ്റ്റിനേയും ഫോട്ടോയേയും വിമര്‍ശിച്ച് രംഗത്തുവന്നവരെ മോഹന്‍ലാല്‍ ഫാന്‍സും മുഖ്യമന്ത്രി അനുകൂലരും തെറിവിളിക്കുകയും അവരെ അപഹസിക്കുകയും ചെയ്യുന്നുണ്ട്.