കടുത്തുരുത്തി: മണ്ണെണ്ണയുമായെത്തി ആത്മഹത്യ ഭീഷണി മുഴക്കി വൃദ്ധ ദമ്പതികള്‍. വീട്ടിലേക്കുള്ള വഴിയടച്ച് പഞ്ചായത്ത് കെട്ടിടം നിര്‍മിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ആത്മഹത്യ ഭീഷണി. കടുത്തുരുത്തി അങ്ങേ മഠത്തില്‍ രാജശേഖരപ്പണിക്കര്‍ (74) ഭാര്യ സരസ്വതി (64) എന്നിവരാണ് മണ്ണെണ്ണയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
സംഭവത്തെത്തുടര്‍ന്ന് എംഎല്‍എയും ജനപ്രതിനിധികളും കൂടിയാലോചിച്ച് പണി താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവം. കടുത്തുരുത്തി പഞ്ചായത്ത് ഓഫിസിന് പിന്‍വശത്ത് പതിറ്റാണ്ടുകളായി താമസിക്കുന്നതാണ് ഈ കുടുംബം .
കടുത്തുരുത്തി പഞ്ചായത്തിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് വക ഭൂമിയിലൂടെയാണ് ഇവരുടെ വീട്ടിലേക്കുളള വഴി. സര്‍ക്കാരിന്റെ ദുരന്ത നിവാരണ പദ്ധതിയില്‍പെടുത്തി മെറ്റീരിയല്‍ കലക്ഷന്‍ സെന്റര്‍ പണിയുന്നതിനായി 37 ലക്ഷം രൂപ കടുത്തുരുത്തി പഞ്ചായത്തിന് അനുവദിച്ചിരുന്നു.
കെട്ടിടം പണിയുന്നതിനായി സെറ്റ് ഔട്ട് ജോലികള്‍ നടത്താന്‍ ജോലിക്കാര്‍ എത്തിയതോടെയാണ് രാജശേഖര പണിക്കരും ഭാര്യ സരസ്വതിയും എതിര്‍പ്പുമായെത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, അംഗങ്ങളായ ശാന്തമ്മ രമേശന്, കെ.എസ്.സുമേഷ്, എന്‍.വി. ടോമി,നോബി മുണ്ടയ്ക്കന്, സ്റ്റീഫന്‍ പാറാവേലി എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും രാജശേഖര പണിക്കരും ഭാര്യ സരസ്വതിയും വഴങ്ങിയില്ല.
ഇതിനിടയിലാണ് രാജശേഖരപ്പണിക്കര്‍ കുപ്പിയില്‍ മണ്ണെണ്ണയുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പഞ്ചായത്ത് കെട്ടിടം പണിയുമ്പോള്‍ തങ്ങള്‍ക്ക് വഴി ഇല്ലാതാകുമെന്നും നിലവിലുള്ള വഴി ഒഴിവാക്കിയേ കെട്ടിടം പണിയാവൂ എന്നുമാണ് ഇവരുടെ ആവശ്യം.
എന്നാല്‍ കെട്ടിടം പണിയുമ്പോള്‍ താഴെ തൂണുകള്‍ മാത്രമേ ഉണ്ടാകൂവെന്നും ഇവിടെ വാഹന പാര്‍ക്കിങ് ആണ് ഉദ്ദേശിക്കുന്നതെന്നും വഴിക്ക് തടസ്സമില്ലെന്നുമാണ് പഞ്ചായത്തിന്റെ വാദം. തര്‍ക്കം നീണ്ടതോടെ പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചു കൂടി.
ഇതിനിടയില്‍ മോന്‍സ് ജോസഫ് എംഎല്‍എയും സ്ഥലത്തെത്തി. എംഎല്‍എ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തല്ക്കാലം പണികള്‍ നിര്‍ത്തി വയ്ക്കാനും കൂടുതല്‍ ചര്‍ച്ച നടത്തി വ്യക്തത ഉണ്ടാക്കിയ ശേഷം പണി തുടരാമെന്നും നിര്‍ദേശിച്ചു.