തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ലൈവായി കാണാം. ഈ മാസം 17 ന് ലോട്ടറി വകുപ്പിന്റെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. ശീതീകരിച്ച സ്റ്റുഡിയോയിലായിരിക്കും ഇനി മുതല്‍ നറുക്കെടുപ്പ് നടത്തുന്നത്. ഇതോടെ ലൈവായി തന്നെ റിസള്‍ട്ട് അറിയാന്‍ സാധിക്കും. കൈരളി ചാനലാണ് ഫലം ലൈവായി ജനങ്ങളിലെത്തിക്കുക.
ഗോര്‍ഖി ഭവനിലെ വാടകയ്ക്കെടുത്ത സ്റ്റുഡിയോയിലായിരിക്കും നറുക്കെടുപ്പ്. ഒരു വര്‍ഷം 365 നറുക്കെടുപ്പുകളാണ് ഉണ്ടായിരിക്കുക. ഇതിന്റെ ആദ്യ സംപ്രേഷണം ചിങ്ങം ഒന്നിന് മൂന്നു ക്യാമറകള്‍ ഉപയോഗിച്ചു ചിത്രീകരിച്ച് ജനങ്ങളിലെത്തിക്കാനാണ് നിലവിലെ തീരുമാനം. ഈ ദൃശ്യങ്ങള്‍ നേരിട്ട് കൈരളിയുടെ സ്റ്റുഡിയോയില്‍ എത്തിച്ച് ലൈവായി സംപ്രേഷണം ചെയും.
സംവിധാനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് പുതിയ നറുക്കെടുപ്പ് യന്ത്രങ്ങളും എത്തിച്ചു. മുമ്പ് നറുക്കെടുപ്പിനായി ഉപയോഗിച്ചിരുന്ന കറങ്ങുന്ന യന്ത്രത്തിന് പകരമാണ് പുതിയ സംവിധാനം. ഒന്നേ മുക്കാല്‍ കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ പുതിയ യന്ത്രവുംസ്റ്റുഡിയോയും ക്രമീകരിച്ചിരുന്നത്.
കാലങ്ങളായി കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നിരുന്നത് ശ്രീചിത്ര പൂവര്‍ ഹോമിലായിരുന്നു. ഉച്ചയ്ക്കു രണ്ടരയ്ക്ക് ആരംഭിക്കുന്ന നറുക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നാലു മണിയാകും. നാലരയോടെ ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിലും പിറ്റേന്നു പത്രങ്ങളിലും ഫലം പ്രസിദ്ധീകരിക്കും. പുതിയ മെഷീനില്‍ അര മണിക്കൂര്‍കൊണ്ടു നറുക്കെടുപ്പ് പൂര്‍ത്തിയാക്കാം. ഫലം തല്‍സമയം കാണുകയും ചെയ്യാം. ഇപ്പോഴുള്ള യന്ത്രത്തിന്റെ പരിമിതി കാരണം 10 സീരീസുകളിലാണ് ഇപ്പോള്‍ നറുക്കെടുപ്പ് നടത്താന്‍ കഴിയുക. ഇനി 12 സീരീസ് വരെ സാധ്യമാകും. പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സിഡിറ്റിന്റെ സഹായത്തോടെയാണ്.