കുമളി: യുവതിയെ ഒപ്പം താമസിച്ചിരുന്നയാള്‍ കുത്തിക്കൊലപ്പെടുത്തി. കുമളിയിലാണ് സംഭവം. കുമളി താമരക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ(ഉമാ മഹേശ്വരി-36) ആണു മരിച്ചത്. സംഭവത്തില്‍ വാഗമണ്‍ കോട്ടമല രണ്ടാം ഡിവിഷന് മണികണ്ഠന് ഭവനില്‍ ഈശ്വരനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
മകനെ ഉപദ്രവിച്ചതിന്റെ പേരില്‍ പിണങ്ങിപ്പോയ യുവതിയെയാണ് കൊലപ്പെടുത്തിയത്. ഉമ 8 മാസം മുന്‍പാണ് ഈശ്വരനുമായി ഒന്നിച്ചു താമസം തുടങ്ങിയത്. മുസ്ലിം യുവാവിനെ വിവാഹം ചെയ്തതോടെ റസിയ എന്ന പേരു സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ ഈ ബന്ധം ഏറെ നീണ്ടു നിന്നില്ല. ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞ ശേഷം റസിയ മകനെ ചില്‍ഡ്രന്‍സ് ഹോമിലാക്കി. ഈശ്വരനും തന്റെ മകനെ ഇതേ സ്ഥാപനത്തില്‍ എത്തിച്ചിരുന്നു. ഇവിടെ വച്ചു പരിചയത്തിലായ ഇരുവരും ഒന്നിച്ചു താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരിക്കല്‍ റസിയയുടെ മകനെ ഈശ്വരന് ഉപദ്രവിച്ചു. ഇതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടു. ചൈല്‍ഡ് ലൈനില്‍ നിന്ന് അന്വേഷണമുണ്ടായതിന്റെ പേരില്‍ ഇരുവരും പിരിഞ്ഞു. 3 ദിവസം മുന്‍പാണ് റസിയ മറ്റൊരു വാടക വീട്ടിലേക്കു താമസം മാറിയത്.
ഇന്നലെ രാവിലെ ഉമ താമസിക്കുന്ന സ്ഥലത്തെത്തിയ ഈശ്വരന് ഇവരെ കുത്തിപ്പരുക്കേല്‍പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കുമളിയിലെ സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് മരണം.