കൊച്ചി: നാടോടുമ്പോള്‍ നടുവേ ഓടണമെന്ന പഴഞ്ചൊല്ല് ഇപ്പോള്‍ ഏതായാലും കേരളാ പോലീസും ഏറ്റെടുത്തു കഴിഞ്ഞു. പറഞ്ഞു വരുന്നത് കേരളാ പോലീസിന്റെ സോഷ്യല്‍മീഡിയ വഴിയുള്ള ജനസമ്പര്‍ക്കത്തിന്റെയും ജനസേവനത്തിന്റെയും കാര്യമാണ്.
ലോകമെങ്ങും തരംഗമായിരിക്കുന്ന കി കി ചലഞ്ച് കളിക്കുന്നവരെ ഉള്ളിലാക്കുമെന്ന മുന്നറിയിപ്പ് നല്കുന്ന ട്രോള്‍ വീഡിയോ അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍ കേരളാ പോലീസ്.
നടുറോഡില്‍ കി കി ചലഞ്ചിലെ പാട്ടുപാടി ഡാന്‍സ് കളിച്ച് പോകുന്ന ഫ്രീക്കനെ പിടിച്ച് പോലീസ് വണ്ടിയില്‍ കേറ്റുന്ന 26 സെക്കന്റ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജാങ്കോ നീ അറിഞ്ഞോ, ഞാന്‍ പെട്ടു എന്ന ഡയലോഗ് ഉള്‍പ്പെടുത്തിയാണ് ഇത് ട്രോള്‍ ആക്കിയത്.
വിവിധ ലോക രാജ്യങ്ങളില്‍ കനേഡിയന്‍ റാപ്പ് സിംഗറായ ഒബ്രി ഡ്രേക്ക് ഗ്രഹാമിന്റെ ഇന്‍ മൈ ഫീലിങ് എന്ന ഗാനത്തിലെ കികി ഡു യു ലൗ മി എന്ന വരിയെ ആധാരമാക്കിയാണ് ചലഞ്ച് നടക്കുന്നത്.