തിരുവനന്തപുരം: കേരളാ പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേനയ്ക്ക് മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന്‍ രണ്ട് പുത്തന്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍. ലൈറ്റ് ആര്‍മേഡ് ട്രൂപ്പ് കാരിയര്‍ എന്ന വാഹനമാണ് തണ്ടര്‍ബോള്‍ട്ട് സേനയ്ക്കായി എത്തിയിരിക്കുന്നത്.
ഈ പുത്തന്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. എല്ലാവരുടെയും പക്കല്‍ ലൈറ്റ് മെഷീന് ഗണ്ണുകളുണ്ടാകും. സഞ്ചരിക്കുമ്പോള്‍ തന്നെ നാലു വശത്തു നിന്നും വെടിയുതിര്‍ക്കാനുള്ള സൗകര്യം വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഏതു ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഈ വാഹനം ഓടിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. അശോക് ലെയ്ലന്ഡ് ആണ് ഇതിന്റെ നിര്‍മാതാക്കള്‍. 62.44 ലക്ഷം രൂപയാണ് ഒന്നിന്റെ വില. ചെന്നൈയില്‍ നിന്നും പോലീസ് ആസ്ഥാനത്ത് എത്തിച്ച വാഹനങ്ങള്‍ രജിസ്ട്രേഷന് നടപടികള്‍ക്കു ശേഷം മലബാര്‍ മേഖലയിലേക്കു കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ പോലീസ് സേനയ്ക്കായി വാങ്ങുന്നത് ആദ്യമാണ്. പോലീസിന്റെ ആധുനികവല്‍ക്കരണ ഫണ്ട് ഉപയോഗിച്ചാണു വാഹനങ്ങള്‍ വാങ്ങിയിരിക്കുന്നത്.