കായംകുളം: വീട്ടുകാര്‍ ടിവിയില്‍ മുഴുകിയിരിക്കുമ്പോള്‍ വീടിനുള്ളില്‍ ഒളിച്ചുകയറിയ മോഷ്ടാവ് 1.4 ലക്ഷം രൂപയുമായി കടന്നു. ചേരാവള്ളി പുത്തന്‍പുരക്കല്‍ തെക്കതില്‍ ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
പണം ബാഗിനുള്ളിലാക്കി മേശക്കുള്ളില്വച്ച് പൂട്ടിയിരിക്കുകയായിരുന്നു. മേശയുടെ താക്കോല്‍ കൈക്കലാക്കി മേശതുറന്ന് മോഷ്ടാവ് പണം അപഹരിച്ചു. ബഷീറും കുടുംബവും മുറിക്കുള്ളില്‍ ടിവി കാണുകയായിരുന്നു.
ഇതിനിടെ അടുത്ത മുറിയിലേക്ക് കയറിയ ബഷീറിന്റെ മരുമകള്‍ ബാഗുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ടു. ഇവര്‍ ബഹളമുണ്ടാക്കിയപ്പോള്‍ മോഷ്ടാവ് യുവതിയെ തള്ളിയിട്ടശേഷം ഓടി രക്ഷപ്പെട്ടു. ബഹളംകേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.
കള്ളന് വീടിനുള്ളില്‍ നേരത്തെ കയറി പതുങ്ങിയിരുന്നതാണെന്ന് സംശയിക്കുന്നു. കറുത്ത പാന്റും ഷര്‍ട്ടും ധരിച്ചിരുന്ന മോഷ്ടാവ് മുഖം മങ്കി ക്യാപ്പ് വെച്ച് മറച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. ചാക്ക് കച്ചവടക്കാരനായ ബഷീര്‍ ഓണക്കച്ചവടത്തിനായി വച്ചിരുന്ന പണമാണ് മോഷണം പോയത്.