പോത്തന്‍കോട്: അച്ഛനെയും മകനെയും നാലംഗസംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. വെമ്പായം കന്യാകുളങ്ങര ജംക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ബി ട്രേഡേഴ്സ് ഉടമയെയും മകനെയുമാണ് നാലംഗസംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ചീരാണിക്കര കാരംകോട് ആബിദാ ഭവനില്‍ അസിം വൈദ്യര് ( 59 ), മകന് അജിംഷാ (36 ) എന്നിവരെയാണ് ആക്രമിച്ചത്.
സംഘത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബാക്കി ഉള്ളവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. വിളപ്പില്‍ശാല വാഴവിളാകം പുന്നശ്ശേരി അഖില്‍ഭവനില്‍ അഖില്‍ ( 25 ) ആണ് നാട്ടുകാരുടെ പിടിയിലായത്.
തിങ്കള്‍ രാത്രി ഒമ്പതോടെ കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഈന്തിവിള -കാരംകോട് റോഡില്‍ വിജന സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ നാലുപേര്‍ അസിം വൈദ്യരെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും ഇരുമ്പുകമ്പി കൊണ്ട് തലയിലും കൈകാലുകളിലും അടിക്കുകയായിരുന്നു.
പുറകെ ബൈക്കില്‍ വരുകയായിരുന്ന മകന് അജിംഷായുടെ ബൈക്ക് അക്രമികള്‍ ഇടിച്ചിട്ടു. അജിംഷായോടൊപ്പം ബൈക്കില്‍ വഴിയില്‍ നിന്നും കയറിയ അയല്‍വാസി വാമദേവന് കൂടെയുണ്ടായിരുന്നു.
ഇയാള്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണു. സംഘം അജിംഷായെയും മര്‍ദിച്ചു.
ഇവരുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെയാണ് ഗുണ്ടാസംഘത്തിലെ മൂന്നുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടത്. അഖില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. അഖിലിനെ സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസിനു കൈമാറി. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്തു വച്ച് അസിം വൈദ്യര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഗുണ്ടാസംഘത്തിലെ മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്നാണ് പോലീസ് അറിയിച്ചത്.