വര്‍ക്കല: ചെറുന്നിയൂര്‍ ധര്‍മ ശാസ്താ ക്ഷേത്രത്തിലെ പഞ്ചലോഹ അയ്യപ്പ വിഗ്രഹം കവര്‍ന്ന കേസിലെ പ്രതി പോലീസ് പിടിയിലായി. വെട്ടൂര്‍ അയന്തി വലിയ വീട്ടില്‍ ക്ഷേത്രത്തിനു സമീപം വിഷ്ണു(24) ആണ് പോലീസ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ചെറുന്നിയൂര്‍ ധര്‍മ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതില്‍ പൊളിച്ച് അകത്തു കടന്നാണ് പ്രതി മൂന്ന് ലക്ഷം വിലവരുന്ന പഞ്ചലോഹ അയ്യപ്പ വിഗ്രഹം കവര്‍ന്നത്. ഒക്ടോബര്‍ 15ന് ആയിരുന്നു സംഭവം. ഇടവ സ്വദേശിയായ കൂട്ടാളിയുമൊത്ത് ആദ്യം കുരക്കണ്ണി വലിയവീട്ടില്‍ ദേവീക്ഷേത്രത്തിലും രണ്ടാമത് അയന്തി വലിയ മേലതില്‍ ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയതിന് ശേഷമാണ് ഇവര്‍ ചെറുന്നിയൂര്‍ എത്തിയത്.
രണ്ട് കിലോ തൂക്കവും മൂന്നു ലക്ഷം വിലയും വരുന്ന പഞ്ചലോഹ വിഗ്രഹം വില്പന നടത്താന്‍ സാധിക്കാതെ വന്നതോടെ വെന്നിയോട് പള്ളിക്ക് സമീപം ചോപ്പന്വിള പുരയിടത്തിലെ പുല്ല് കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു.
2007ല്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സുദേവന് എന്ന മോഷ്ടാവിനൊപ്പം പതിനൊന്നാമത്തെ വയസില്‍ മോഷണം തുടങ്ങിയ പ്രതി അഞ്ച് വര്‍ഷം ജുവനൈല്‍ ഹോമിലും കിടന്നിട്ടുണട്. കൊല്ലം, ശക്തികുളങ്ങര,കിളികൊല്ലൂര്‍,പരവൂര്‍, കല്ലമ്പലം, അയരൂര് തുടങ്ങിയ സ്റ്റേഷന് പരിധികളില്‍ ക്ഷേത്ര കവര്‍ച്ച, മൈക്ക് മോഷണം തുടങ്ങി 30 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.