നേമം: നേമത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. മോഷ്ടാക്കള്‍ വീട്ടില്‍ നിന്ന് പതിനഞ്ച് പവനും 1,12,000 രൂപയും കവര്‍ന്നു. പ്രാവച്ചമ്പലം ഇടയ്ക്കോട് നാല്പുരത്തില് കിഴക്കേ മഠത്ത് എസ് സുധീറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ 14 ന് രാത്രിയാണ് സംഭവം. അടുത്ത ദിവസം രാവിലെ വീട്ടുകാര്‍ എത്തി നോക്കുമ്പോഴാണ് വിവരം അറിയുന്നത്. വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീട്ടിലെ എല്ലാ മുറികളും മോഷ്ടാക്കള്‍ തുറന്ന് പരിശോധന നടത്തിയിട്ടുണ്ട്.
വീടിനുള്ളില്‍ വിവിധ സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് മോഷണം പോയത്. ഫിംഗര്‍ പ്രിന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ചില വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് നരുവാമൂട് പോലീസ് ഇന്‍സ്പെക്ടര്‍ കെ ധനപാലന് പറഞ്ഞത്.