കാഞ്ഞിരംകുളം: പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. അതിയന്നൂര്‍ അരംഗമുകള്‍ മേലേപുത്തന്‍ വീട്ടില്‍ കൊച്ചുകുട്ടന് എന്നു വിളിക്കുന്ന വിനോജ് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന പത്ത് കിലോഗ്രാം കഞ്ചാവും അധികൃതര്‍ പിടിച്ചെടുത്തു.
വിനോജിന്റെ ബൈക്കിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് എക്സൈസ് തിരുപുറം റേഞ്ച് സംഘം കഞ്ചാവ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിനോജ് വില്ക്കാന് ബൈക്കില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവ് ആണ് ആദ്യം പിടികൂടിയത്. പിന്നീട് വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് കിലോഗ്രാം കഞ്ചാവ് കൂടി ലഭിച്ചു.
പിടികൂടിയ കഞ്ചാവിന് രാജ്യാന്തര മാര്‍ക്കറ്റില്‍ 5 ലക്ഷം രൂപ വിലവരുമെന്നാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് പ്രമോദ് അറിയിച്ചത്. വിശാഖപട്ടണത്തു നിന്നുമാണ് ഇയാള്‍ കഞ്ചാവ് വരുത്തിയതെന്നാണ് എക്സൈസിനു നല്കിയ മൊഴി. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ ഷാജി, ബി വിജയകുമാര്‍, ബിജുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.