തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പത്തു ദിവസം നീണ്ടു നില്ക്കുന്ന അല്പശി ഉത്സവത്തിന് തുടക്കമായി. കിഴക്കേ ശീവേലിപ്പുരയിലെ കൊടിമരത്തില്‍ തന്ത്രി തരണനല്ലൂര്‍ സതീശന് നമ്പൂതിരിപ്പാടാണ് കൊടിയേറ്റിയത്.
പതിനാറിന് രാത്രി 8 നു വലിയകാണിക്ക, പതിനേഴിന് രാത്രി 8.30 നു സുന്ദര വിലാസം കൊട്ടാരത്തിനു മുന്നില്‍ പള്ളിവേട്ട, പതിനെട്ടിന് ആറാട്ട്, പത്തൊമ്പതിന് നടക്കുന്ന ആറാട്ട് കലശത്തോടെ ഉത്സവം സമാപിക്കും. പൈങ്കുനി ഉത്സവത്തിന് സമാനമായി ഘോഷയാത്ര ഒഴിവാക്കി ഇത്തവണയും പത്മതീര്ഥത്തിലാണ് ആറാട്ട്.
ഉത്സവത്തിനു മുന്നോടിയായി ഇന്നലെ രാവിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍ നിന്നു മണ്ണുനീര് കോരല്‍ ചടങ്ങ് നടത്തി. രാവിലെ ഒമ്പതിനായിരുന്നു കൊടിയേറ്റ്. തിരുവാമ്പാടി നടയില്‍ തരണനല്ലൂര്‍ സജി നമ്പൂതിരിപ്പാടാണ് കൊടിയേറ്റിയത്. ഉത്സവ ദിവസങ്ങളില്‍ വൈകീട്ടും രാത്രിയും ഉത്സവ ശീവേലി ഉണ്ടായിരിക്കും.
കളഭത്തിന് ശേഷം നടത്തേണ്ട പെരുന്തിരമൃത് പൂജ 20 നും ദക്ഷിണായന സംക്രമ ശീവേലി 15ന് വൈകിട്ട് 7 നും നടത്തും. കൊടിയേറ്റ് ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, പ്രഫ. പികെ മാധവന്‍നായര്‍, മാനേജര്‍ ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
അതേസമയം ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തിലെ പതിവ് ദര്‍ശന സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുലര്‍ച്ചെ 3.45 മുതല്‍ 4.15 വരെയും 5.15 മുതല്‍ 6.15 വരെയും രാവിലെ 10 മുതല്‍ 12 വരെയുമാണ് ദര്‍ശനം അനുവദിക്കുക. വൈകീട്ട് ദര്‍ശനം അനുവദിക്കില്ല. എന്നാല്‍ കലശാഭിഷേകം, ഉത്സവ ശീവേലി എന്നിവയില്‍ ഭക്തര്‍ക്ക് പങ്കെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.