ഓച്ചിറ: പഠിച്ച് ഡോക്ടറാകണമെന്നത് ആമിനയുടെ വലിയ ആഗ്രഹമായിരുന്നു. പ്രതിസന്ധികളില്‍ തളരാതെ ഡോക്ടറാകാനുള്ള ആഗ്രഹത്തിന്റെ പടവുകള്‍ കയറിത്തുടങ്ങിയ ആമിനയ്ക്ക് എന്നാല്‍ പിതാവ് ഷൗക്കത്തിന്റെ (51)വിയോഗം നൊമ്പരമായി.
പഠിക്കാന്‍ മിടുക്കിയായ ആമിന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് സ്വന്തമാക്കിയിരുന്നു. പരിശീലന ക്ലാസിനൊന്നും പോകാതെ നീറ്റ് പരീക്ഷയില്‍ പിഎച്ച് വിഭാഗത്തില്‍ 1916-ാം റാങ്കും നേടി. എന്നാല്‍, ശാരീരിക വെല്ലുവിളി ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അനുമതി കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡ് നിരസിച്ചു.
ഇടതുകൈയുടെ പാതി മാത്രമുള്ള ആമിന എംബിബിഎസ് പ്രവേശനത്തിനായി നിയമപോരാട്ടത്തിന് ഒരുങ്ങുമ്പോഴാണ് വൃക്കരോഗം മൂര്‍ച്ഛിച്ച് പിതാവിന്റെ മരണം. സാമ്പത്തിക പ്രയാസങ്ങളില്നിന്നു മോചനം തേടി ഗള്‍ഫില്‍ ജോലിക്കു പോയ ഷൗക്കത്തിന്റെ ഭാര്യ ജാസ്മിന് കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ നാട്ടിലെത്താന്‍ കഴിയില്ല.
ആമിനയും സഹോദരന് ആദിലുമാണ് ഇനി വീട്ടില്‍. കാല്‍നൂറ്റാണ്ട് പ്രവാസ ജീവിതം നയിച്ച ക്ലാപ്പന കുറ്റിപ്പറമ്പില്‍ ഷൗക്കത്ത് (51) വൃക്കരോഗം ഗുരുതരമായതോടെ നാട്ടില്‍ തിരികെ എത്തിയതായിരുന്നു. മക്കളെ പഠിപ്പിക്കാനും ഭര്‍ത്താവിന്റെ ചികിത്സയ്ക്കുമായാണ് ജാസ്മിന് ഒന്നര വര്‍ഷം മുന്‍പ് അബുദാബിയിലേക്കു പോയത്.
വീട്ടുജോലി ശരിയായപ്പോഴേക്കും ലോക്ഡൗണ്‍ ജാസ്മിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു. ഒടുവില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഇടപെട്ട് സ്വകാര്യ ബാങ്കില്‍ അക്കൗണ്ടന്റായി ജോലി നല്‍കുകയായിരുന്നു. പിതാവിനെ ആഴ്ചയില്‍ രണ്ട് ദിവസം കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ ഡയാലിസിസിനും കൊണ്ടുപോകുന്നതും പരിചരിക്കുന്നതും ഇളയ സഹോദരന്റെ കാര്യങ്ങള്‍ നോക്കുന്നതും ആമിനയായിരുന്നു.
ഒക്ടോബറില്‍ വയനാട്ടില്‍ വച്ചു ആമിനയെ കണ്ട രാഹുല്‍ ഗാന്ധി അഭിനന്ദിക്കുകയും തുടര്‍പഠനത്തിന് സഹായം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. തനിക്ക് പഠിച്ച് ഡോക്ടറാവാന്‍ കഴിയുമെന്ന് തന്നെയാണ് ആമിനയുടെ പ്രതീക്ഷ.