ഏലകുളം: ശാനിയയുടെ കുഞ്ഞ് നാവിലേക്ക് തേനും വയമ്പും പകര്‍ന്നപ്പോള്‍ ഏലംകുളംമന മറ്റൊരു അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ജന്മഗൃഹത്തില്‍ മാനവികതയുടെ വെളിച്ചമാണ് ഞായറാഴ്ച തെളിഞ്ഞത്. കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളുടെ ചോറൂണ് ചടങ്ങ് ആദ്യമായിട്ടാണ് മനയില്‍ നടക്കുന്നത്.
പാലക്കാട് കൊല്ലങ്കോട് പല്ലശന ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷകത്തൊഴിലാളി യൂണിയന് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുമായ ശബരീശന്റെയും നിവിതയുടെയും മകള്‍ ശാനിയയുടെ ചോറൂണാണ് ചരിത്രമായി മാറിയത്.
കാത്തിരിപ്പിനൊടുവില്‍ ആറ്റുനോറ്റുണ്ടായ കുഞ്ഞിന് ഇഎംഎസിന്റെ ജന്മഗൃഹമായ ഏലംകുളം മനയില്‍ ചോറൂണും പേരിടല്‍ ചടങ്ങും നടത്തി ശബരീശന്റെ ജീവിതാഭിലാഷം പൂവണിഞ്ഞു.
കുഞ്ഞു ജനിക്കുന്നതിനു മുന്‍പേ ശബരീശന് നിശ്ചയിച്ചതാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്റെ വീട്ടില്‍വച്ചുള്ള ചോറൂണും പേരിടലും. തന്റെ ആഗ്രഹം ഏലംകുളം ലോക്കല്‍ സെക്രട്ടറി പി ഗോവിന്ദപ്രസാദിനെ അറിയിച്ചു. അദ്ദേഹമാണ് മനയിലുള്ളവരുടെ അനുമതി നേടിയത്.
ഇപ്പോള്‍ മനയിലെ താമസക്കാരായ ഇഎംഎസിന്റെ ജ്യേഷ്ഠ പുത്രന്മാരായ ബ്രഹ്മദത്തന് നമ്പൂതിരിപ്പാടും നാരായണന് നമ്പൂതിരിപ്പാടും ചടങ്ങിന്റെ ഭാഗമായി. പി ഗോവിന്ദപ്രസാദ്, സിടി സുബ്രഹ്മണ്യന്, എം ശിവശങ്കരന്, സുമ ദാമു, സിപി ഷാജി, പഞ്ചായത്ത് അംഗം അനില്‍ എന്നിവര്‍ നേതൃത്വം നല്കി.