കൊച്ചി: സക്കീര്‍ ഹുസൈനെ കളമശേരി ഏരിയ സെക്രട്ടറി ചുമതലകളില്‍ നിന്നു നീക്കിയില്ലെന്ന് സിപിഎം. കളമശേരി ഏരിയ സെക്രട്ടറിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. ചുമതലകളില്‍ നിന്ന് നീക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും പ്രചാരണം അടിസ്ഥാനരഹിതമെന്നും ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് അറിയിച്ചു.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. സക്കീര്‍ ഹുസൈനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തിരുന്നു.
ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയില്‍നിന്നും സക്കീര്‍ ഹുസൈനെ നീക്കാന്‍ സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്കു ശിപാര്‍ശ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അറിയിപ്പുകളൊന്നും വന്നിട്ടില്ല.