ചാലക്കുടി: ഒരു കിലോയിലധികം കഞ്ചാവുമായി യുവതിയും കാർ ഡ്രൈവറും അറസ്റ്റിൽ. കോട്ടയം വെച്ചൂർ ഇടയാഴം സരിതാലയത്തിൽ സരിത സലിം (28), സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് പട്ടാമ്ബി വല്ലപ്പുഴ മനക്കേതൊടിയിൽ സുധീറു (45)മാണ് അറസ്റ്റിലായത്.
സിനിമയ്ക്കും സീരിയലുകൾക്കുമായി ജൂനിയർ ആർടിസ്റ്റുമാരെ എർപ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്ലാക്ക് ഏയ്ഞ്ചൽ എന്നാണറിയപ്പെടുന്നത്. എറണാകുളം എളമക്കരയിൽ വാടക വീട്ടിലാണു താമസം. ലോക് ഡൗണിന് ലഭിച്ച ഇളവ് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരി വസ്തുക്കൾ വൻ തോതിൽ കടത്തുന്നതായി പൊലീസിനു ലഭിച്ച സന്ദേശത്തെത്തുടർന്നായിരുന്നു പരിശോധന.
സിനിമ സീരിയൽ നടിയായ യുവതി ഇപ്പോൾ എറണാകുളം എളമക്കരയിൽ വാടകയ്ക്കാണ് താമസിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഡിവൈഎസ്പി. സിആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ് പരിശോധന നടത്തിയത്.
കെഎസ്ആർടിസി ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. സ്റ്റാൻഡിന് സമീപത്ത് സംശയകരമായി കണ്ട കാറും അതിലെ യാത്രക്കാരിയേയും ഡ്രൈവറേയും എക്സൈസ് ഇൻസ്പെക്ടർ വി. സലിൽകുമാറിന്റെ സഹായത്തോടെ പരിശോധിക്കുകയായിരുന്നു. യുവതിയുടെ ബാഗിനുള്ളിൽ പ്ലാസ്റ്റിക് കവറിനുള്ളിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.