തൃശൂര്‍: മണലൂര്‍ ഗവ. ഹൈസ്ക്കുളിലെ എട്ടാം ക്ലാസുകാരനായ അദ്വൈതാണ് അമ്മയേയും അമ്മുമ്മയേയും അടക്കം നാലു പേരുടെ ജീവന് രക്ഷിച്ച് ഹീറോ ആയത്. തൃശൂര്‍ പുത്തന്‍പീടിയ താമരത്തറോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
കരച്ചില് കേട്ട് അദ്വൈത് ഓടിവന്നപ്പോള്‍ കണ്ടത് ഷോക്കേറ്റ് പിടയുന്ന അമ്മയെയാണ്. ഒന്നും നോക്കാതെ ഓടിച്ചെന്ന് ആദ്യം പിടിച്ചത് അമ്മയുടെ വസ്ത്രത്തിലാണ്. ചെറിയ ഷോക്കേറ്റതോടെ കഴിഞ്ഞ വര്‍ഷം ക്ലാസിലിരുന്നു പഠിച്ച പാഠം അദ്വൈത് ഓര്‍മിച്ചത്. പിന്നെ ഒട്ടും താമസിച്ചില്ല. അടുത്തു കിടന്നിരുന്ന ടൈല്കക്ഷണമെടുത്ത് നീട്ടിയൊരു ഏറ്. ഒറ്റയേറില്‍ അദ്വൈത് രക്ഷിച്ചത് നാലു ജീവനുകളാണ്.
അദ്വൈതിന്റെ അമ്മ ധന്യ പ്ലാവില്‍ നിന്നു ഇരുമ്ബ് തോട്ടി കൊണ്ടു ചക്ക പറിക്കുന്നതിനിടെയാണ് വൈദ്യുതി ലൈനില്‍ ഷോക്കേറ്റത്.കൈയിലിരുന്ന അലുമിനിയം തോട്ടി വഴുതി വൈദ്യുതി ലൈനില്‍ തട്ടി. ഷോക്കേറ്റ് തോട്ടിയടക്കം തെറിച്ചുവീണ ധന്യയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച അമ്മ ലളിത(65)യ്ക്കും ഷോക്കേറ്റു. ഇവരെ രക്ഷിക്കാന്‍ നോക്കിയ അയല്‍വാസി റോസി(60)യും തെറിച്ചുവീണു. ഇവരെ പിടിച്ച ധന്യയുടെ സഹോദരി ശുഭയ്ക്കും(40) ഷോക്കേറ്റു. അടുത്തു കളിച്ചുകൊണ്ടിരുന്ന അദ്വൈത് ഓടി വന്നു അമ്മയുടെ വസ്ത്രത്തില്‍ പിടിച്ചതോടെ നേരിയതോതില്‍ ഷോക്കേറ്റു.
അപ്പോഴാണ് വൈദ്യുതി കടത്തിവിടാത്ത വസ്തുക്കള്‍ ഉപയോഗിച്ചുവേണം ഷോക്കേറ്റവരെ രക്ഷിക്കാനെന്ന സ്കൂളിലെ പാഠഭാഗം ഓര്‍ത്തത്. ഉടനെ അടുത്തു കിടന്നിരുന്ന അരയടിയോളം മാത്രമുള്ള ടൈല്‍കഷ്ണമെടുത്തു തോട്ടിയില്‍ ആഞ്ഞടിച്ചു വൈദ്യുതി ബന്ധം വേര്‍പ്പെടുത്തി. അതോടെ നാലു പേരും രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ ധന്യയ്ക്ക് ശുഭ പ്രഥശുശ്രൂഷ നല്കിയ ശേഷം ഒളരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മണലൂര്‍ ഗവ. ഹൈസ്ക്കുളിലെ വിദ്യാര്‍ഥിയാണ് അദ്വൈത്.