കരുനാഗപ്പള്ളി: വീട്ടിൽ വ്യാജമദ്യം ഒളിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി മുൻ മണ്ഡലം ജനറൽ സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഓച്ചിറ പായിക്കുഴിയിൽ തോട്ടത്തിൽ വീട്ടിൽ അനൂപ്(38)ആണ് 124 കുപ്പി വ്യാജമദ്യവുമായി പിടിയിലായത്. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പി അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അനൂപിന്റെ വീടിനു പിന്നിൽ വിറകുപുരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വ്യാജമദ്യം.
ഇത് സ്പിരിറ്റിൽ കളർ ചേർത്തുണ്ടാക്കിയതാണെന്ന് സംശയിക്കുന്നു. കുറച്ച് ദിവസങ്ങളായി ഓച്ചിറയിലും പരിസരങ്ങളിലും വ്യാജമദ്യ കച്ചവടം നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് രഹസ്യ അന്വേഷണം നടത്തിയാണ് അനൂപിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.