തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ പ്രശംസിച്ച് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍) .
പ്രതിരോധത്തിലും രോഗനിര്‍ണയത്തിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും രോഗിപരിചരണത്തിനൊപ്പം സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലും കേരളത്തെ മാതൃകയാക്കേണ്ടതാണെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി- സമ്പര്‍ക്കരോഗവിഭാഗം മേധാവി ഡോ. രാമന് ഗംഗാഖേഡ്കര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഇതുവരെ 502 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത് . മൂന്നു പേര് രോഗബാധയെ തുടര്‍ന്ന് മരിച്ചു . രോഗബാധിതരില്‍ 30 പേര് മാത്രമാണ് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. നിരീക്ഷണത്തിലുള്ളവര്‍ 14,670 ആയി കുറഞ്ഞു. ഇവരില്‍ ആശുപത്രിയില്‍ കഴിയുന്നത് 268 പേരാണ് . ബുധനാഴ്ച 58 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.