നിലമ്പൂർ: സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ തുക ജന്മദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബിയോണും ബിയോളും. ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം സ്വദേശി പാറപ്പുറത്ത് ബിനുവിന്റെ മകളായ ബിയോണിന്റെ എട്ടാം ജന്മദിനത്തിലാണ് ബിയോണും സഹോദരി ബിയോളും സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് നൽകിയത്.
മൂന്ന് വർഷമായി മാതാപിതാക്കൾ നൽകിയ നാണയത്തുട്ടുകൾ സ്വരൂപിച്ച് വെച്ചതായിരുന്നു. ജനങ്ങൾ പ്രയാസപ്പെടുമ്പോൾ സൈക്കിളിനേക്കാൾ ആവശ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകലാണെന്ന് തിരിച്ചറിഞ്ഞ് ഇവർ മാതാപിതാക്കളായ ബിനുവിനോടും ഷിബിയോടും തങ്ങളുടെ ആഗ്രഹം അറിയിക്കുകയായിരുന്നു.
നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 8,107 രൂപ. നിലമ്പൂർ ലിറ്റിൽഫ്ളവർ സ്കൂളിലെ രണ്ടാം ക്ലാസുകാരിയാണ് ബിയോൺ. ഇതേ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ് ബിയോൾ.