ഉദുമ: ചാനലുകളിൽ കോവിഡ് രോഗിയായി ആൾമാറാട്ടം നടത്തി തന്റെയും മറ്റുള്ളവരുടെയും രോഗവിവരങ്ങൾ ചോർന്നുവെന്ന് വ്യാജപ്രചാരണം നടത്തിയ പ്രാദേശിക കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പള്ളിക്കര, പളളിപ്പുഴയിലെ ഇംദാദിനെ(34)യാണ് ബേക്കൽ എസ്ഐ പി അജിത്ത് കുമാർ അറസ്റ്റുചെയ്തത്.
കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താനടക്കമുള്ളവരുടെ രോഗവിവരങ്ങൾ മംഗളൂരുവിലെ സ്വകാര്യ കമ്പനി ചോർത്തുന്നുവെന്ന് പറഞ്ഞാണ് ഇംദാദ് ദൃശ്യമാധ്യമങ്ങളിൽ ഇന്റർവ്യൂ നൽകിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തും വീട്ടിലെത്തിയശേഷവും തന്നെ സ്വകാര്യ കമ്പനിയിൽനിന്ന് വിളിച്ചുവെന്നും ഇയാൾ ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് രോഗിയായി ആൾമാറാട്ടം നടത്തി വ്യാജപ്രചാരണം നടത്തിയതിനും പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയതിനുമാണ് കേസ്.