ലോകത്ത് നടക്കുന്ന ഓരോ പ്രധാന വിഷയങ്ങളെക്കുറിച്ചും വിശദമായി അപഗ്രഥിച്ച് പ്രസിദ്ധീകരിക്കുന്ന മാഗസിനാണ് അമേരിക്കയുടെ മാസാച്ചു സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) റിവ്യൂ മാഗസിൻ. ഇപ്പോഴിതാ പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് എംഐടി മാഗസിൻ.
കൊവിഡ് 19 പ്രതിരോധിക്കുന്നതിനായി പി. ബി നൂഹിന്റെ ഭരണ മികവാണ് ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്
കേരളത്തിൽ കൊവിഡ് 19 രണ്ടാമത് വരുന്നത് ഇറ്റലിയിൽ നിന്നും വന്ന റാന്നി സ്വദേശികളിൽ കൊവിഡ് സ്ഥിരീകരിക്കുന്നതോടെയാണ്.
റാന്നിയിലെ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുന്നതുമുതൽ ജില്ലയിൽ നടപ്പാക്കിയ പ്രതിരോധ പ്രവർത്തനങ്ങളെ ലേഖനത്തിൽ എടുത്തു പറയുന്നുണ്ട്. റാന്നിയിലെ കുടുംബവുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നതും കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കുന്നതും തുടങ്ങി ജില്ലാ നേതൃത്വം കൈക്കൊണ്ട പ്രതിരോധ പ്രവർത്തനങ്ങളും ലേഖനത്തിൽ വിവരിക്കുന്നു.
കഴിഞ്ഞ പ്രളയകാലത്തെ നേരിടുന്നതിൽ കളക്ടർ കാണിച്ച മികവും ലേഖനത്തിൽ എടുത്ത് കാണിക്കുന്നുണ്ട്.
ലോകത്ത് തന്നെ 30ലേറെ വിഷയങ്ങളിൽ ഏറ്റവും മികച്ച പഠനവും ഗവേഷണവും നടക്കുന്ന സ്ഥാപനമാണ് എംഐടി സാങ്കേതിക മേഖലയിൽ ലോകത്ത് ഏറ്റവും വലിയ കണ്ടു പിടുത്തങ്ങളും എംഐടി സംഭാവന ചെയ്തിട്ടുണ്ട്.