ഒറ്റപ്പാലം: കൊറോണ വൈറസ് വ്യാപനം തടയാനായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ കേരളത്തിന്റെ സാംസ്കാരിക മുഖമുദ്രയായ തൃശൂർ പൂരം പോലും ഉപേക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ലോക് ഡൗൺ ലംഘിച്ച് ഒറ്റപ്പാലത്ത് കാവിൽ ഉൽസവം നടത്തി. ഇവിടെ ഉൽസവ ദർശനത്തിനെത്തിയ പതിനെട്ടു പേർ അറസ്റ്റിലായി.
സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ 26 പേർക്കെതിരെ കേസെടുത്തു. ചാത്തൻകണ്ടാർ കാവിൽ ഉത്സവത്തിന് എത്തിയവർക്കെതിരെയാണ് നടപടി. നാടിന്റെ പല ഭാഗങ്ങളിൽ നിന്നായാണ് ഇവർ എത്തിയത്. ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടത്തിലും ആരാധനാലയങ്ങളിൽ ജനങ്ങൾ എത്തുന്നതിന് നിരോധനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് പോലീസ് കേസ് എടുത്തത്.
അതേ സമയം രാജ്യത്ത് ലോക്ക് ഡൗൺ കർശനമാക്കിയതിനിടയിലും ആയിരങ്ങളെ പങ്കെടുപ്പിച്ച് കർണാടകയിലും ഘോഷയാത്ര സംഘടിപ്പിച്ചു. കലബുർഗി ജില്ലയിലെ സിദ്ധലിംഗേശ്വര ഉത്സവത്തിന്റെ ഭാഗമായാണ് മതഘോഷയാത്ര നടത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്തു. സാമൂഹിക അകലം പാലിക്കണമെന്ന ശക്തമായ നിർദേശം നിലവിലുള്ളപ്പോൾ യാതൊരു സുരക്ഷിതത്വവും കൂടാതെ നിരവധി പേർ ചേർന്ന് രഥം വലിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
(ന്യൂസിൽ ഉപയോഗിച്ചിരിക്കുനത് പഴയ പൂര ചിത്രം ഗൂഗിളിൽ നിന്നും ലഭിച്ചത്)