ആലപ്പുഴ: ചാരായം വാറ്റിയതിന് ബിഎംഎസ് മുൻ ജില്ലാ പ്രസിഡന്റടക്കം മൂന്നുപേർ പിടിയിൽ. ബിജെപി മുൻ മണ്ഡലം പ്രസിഡന്റും ബിഎംഎസ് ജില്ലാ നേതാവുമായ കാർത്തികേയൻ, ബിഎംഎസ് റെയിൽവേ സ്റ്റേഷൻ യൂണിറ്റ് സെക്രട്ടറി ശശികുമാർ അടക്കമുള്ളവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സാഹചര്യം മുതലെടുത്ത് വൻതോതിൽ ചാരായം വാറ്റി വിൽക്കുകയായിരുന്നു സംഘം. അമിതമായി ശർക്കര വാങ്ങിയവരെ നിരീക്ഷിച്ചു പൊലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് സംഘം പിടിയിലായത്. ഇവരെ നിരീക്ഷണത്തിൽ വയ്ക്കുകയും ചാരായം വാറ്റുന്ന പ്രദേശം ഡ്രോൺ വഴി നിരീക്ഷിച്ച് ഇവർ സ്ഥലത്തുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ വലയിലാക്കിയത്.
ഇവരിൽ നിന്ന് 5 ലിറ്റർ ചാരായവും, ചാരായം വാറ്റാനുപയോഗിക്കുന്ന വാഷും മറ്റുപകരണങ്ങളും പിടികൂടി. ആലപ്പുഴ സൗത്ത് സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ കോടതിയിൽ ഹാജരാക്കി.