വെഞ്ഞാറമൂട്: സമൂഹ അടുക്കളയ്ക്ക് സഹായവുമായി നടൻ സുരാജ് വെഞ്ഞാറമൂട്. നെല്ലനാട് പഞ്ചായത്തിലെ കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലാണ് ആവശ്യ സാധനങ്ങളുമായി സഹോദരൻ സജിയോടൊപ്പം സുരാജ് എത്തിയത്.
സന്നദ്ധ സേവകർക്കൊപ്പം കുറച്ചു സമയം ചെലവഴിച്ചാണ് അദേഹം മടങ്ങിയത്. ഡി കെ മുരളി എംഎൽഎ, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ്, എസ് അനിൽ, എസ് സുജാതൻ, എ എം റൈസ്, വെഞ്ഞാറമൂട് സി ഐ വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
അതേ സമയം കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യധാന്യ കിറ്റുകൾ സർക്കാർ ആദിവാസി ഊരുകളിലെത്തിച്ചു. കോട്ടൂരിലെ റേഷൻ കടയിൽ പാറ്റാംപാറ ആദിവാസി കോളനിയിലെ രണ്ടു പേർക്ക് കിറ്റ് നൽകി മന്ത്രി പി തിലോത്തമൻ വിതരണോദ്ഘാടനം നിർവഹിച്ചു.
ഊരുകളിൽ വിതരണം ചെയ്യാനുള്ള കിറ്റുകൾ കയറ്റിയ ജീപ്പുകളുടെ ഫ്ളാഗ് ഓഫും മന്ത്രി നിർവഹിച്ചു. വ്യാഴാഴ്ച ജില്ലയിൽ 5225 കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യധാന്യ കിറ്റുകൾ അഗസ്ത്യവനത്തിലെ ആദിവാസി ഊരുകളിലെ വീടുകളിൽ എത്തിച്ച് നൽകുന്നതിനും തുടക്കമായി. പഞ്ചായത്ത് അംഗം രമേശിന്റെ നേതൃത്വത്തിലാണിത്.
പട്ടികവർഗ കുടുംബങ്ങൾക്കാണ് ആദ്യം കിറ്റുകൾ നൽകുന്നത്. പട്ടികവർഗത്തിൽപ്പെടാത്ത എഎവൈ കാർഡുടമകൾക്ക് ശനിയാഴ്ചമുതൽ റേഷൻ കടകളിൽനിന്ന് കിറ്റ് ലഭിക്കും. പഞ്ചസാര, ചായപ്പൊടി, ഉപ്പ്, ചെറുപയർ, കടല, വെളിച്ചെണ്ണ, ആട്ട, റവ, മുളകുപൊടി, മല്ലിപ്പൊടി, പരിപ്പ്, മഞ്ഞൾപ്പൊടി, ഉലുവ, കടുക്, സോപ്പ്, സൺ ഫ്ലവർ ഓയിൽ, ഉഴുന്ന് എന്നിങ്ങനെ 17 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്നതാണ് കിറ്റ്.