ന്യൂഡൽഹി:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തെ അഭിനനന്ദിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർല. കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഫോണിൽ വിളിച്ചാണ് ലോക്സഭാ സ്പീക്കർ ഓം ബിർല അഭിനനന്ദനം അറിയിച്ചത്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവർത്തങ്ങളിൽ സംതൃപ്തിയുണ്ടെന്ന് ഓം ബിർല പറഞ്ഞു. കേരള സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിർല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ ഇടപെടൽ മാതൃകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തിയിരുന്നു. രോഗ വ്യാപനത്തിന്റെ തോത് ഉയർന്നിട്ടും കൊവിഡ് മരണങ്ങൾ ഫലപ്രദമായി തടയാൻ കേരളത്തിന് കഴിഞ്ഞെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടത്.
സുപ്രീംകോടതിയും ഹൈക്കോടതിയും നേരത്തെ കേരളത്തിന്റെ രോഗപ്രതിരോധപ്രവർത്തനത്തെ അഭിനന്ദിച്ചിരുന്നു. കേരളത്തിന്റെ് ആരോഗ്യപ്രവർത്തനങ്ങളെ അഭിനന്ദിച്ച് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.