കൊച്ചി: കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊച്ചി എളമക്കരയിലാണ് സംഭവം.
അമ്പലപ്പുഴയിലെ സ്വകാര്യബാങ്ക് ജീവനക്കാരനായ അജിത്താണ് പോലീസിനെ പോലും ഞെട്ടിച്ച കുറ്റകൃത്യത്തിനു പിന്നില്‍. ഉടമയറിയാതെ മൊബൈല്‍ ഫോണില്‍ പ്രത്യേക ആപ് സ്ഥാപിച്ചുള്ള ഇത്തരം തട്ടിപ്പ് സംസ്ഥാനത്ത് ആദ്യമാണ്.
അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിയാണ് അറസ്റ്റിലായ അജിത്. അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത്, അവരുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമ പോലും അറിയാതെ സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ സഹായത്തോടെയായിരുന്നു ഇത്.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അഞ്ചു മാസത്തോളം യുവതിയുടെ ഭര്‍ത്താവിന്റെ നീക്കങ്ങള്‍ അജിത് നിരീക്ഷിച്ചു. സംഭാഷണങ്ങളുടെ ശബ്ദരേഖയും സ്വകാര്യനിമിഷങ്ങളുടേതുള്പ്പെടെയുള്ള ദൃശ്യങ്ങളും പകര്‍ത്തി. തട്ടിപ്പു മനസ്സിലാക്കിയ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി എളമക്കര പോലീസിനെ സമീപിച്ചു.
മൊബൈല്‍ ഫോണില്‍ സ്ഥാപിച്ച ആപ്ലിക്കേഷന്‍ വഴി തന്നെ പ്രതിയെ കണ്ടെത്തിയ പോലീസ്, പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിനുവേണ്ടിയാണെന്ന് അജിത് പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ഇവയുപയോഗിച്ച് ഭാവിയില്‍ ബ്ലാക്മെയില്‍ ചെയ്യുകയോ പണം തട്ടുകയോ ആകാം ലക്ഷ്യമെന്നാണു സംശയം.