എടപ്പാള്‍: ഷെല്‍ട്ടര്‍ ഹോമില്‍ അധികൃതരുടെ ക്രൂര മര്‍ദനത്തിനിരയായ മധ്യവയസ്കന് മരിച്ചു. തൃശ്ശൂര്‍ വലപ്പാട് സ്വദേശിയായ സിദ്ദീഖാണ് മരിച്ചത്. തൃത്താല മുടവന്നൂരിലെ സ്നേഹനിലയത്തില്‍ നിന്നും മര്‍ദനമേറ്റ സിദ്ദീഖ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
രണ്ട് വര്‍ഷമായി പാലക്കാട് തൃത്താലയിലെ സ്നേഹ നിലയത്തിലെ അന്തേവാസിയായിരുന്നു സിദ്ദീഖ്. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കഴിഞ്ഞ മാസം 21ന് ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും ക്രൂരമര്‍ദനത്തിനിരയായ സിദ്ദീഖിന്റെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റിരുന്നു.
ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ദിഖിന് നട്ടെല്ലിന് പൊട്ടലേറ്റതിനാല്‍ ഉടനെ തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. നട്ടെല്ലിന് പൊട്ടലും കാല് മുട്ടിന് താഴെ മര്ദ്ദനങ്ങളോടെയുമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
സംഭവത്തെത്തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സിദ്ദിഖിന്റെ ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ സിദ്ദീഖിന് മരുന്ന് പോലും നല്‍കിയിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇന്ന് ഉച്ചക്കാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ സിദ്ദീഖ് മരണപ്പെട്ടത്.അതേസമയം, സിദ്ദീഖിനെ ചൂരല്‍കൊണ്ട് അടിച്ചിരുന്നുവെന്ന് ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ തുറന്ന് പറഞ്ഞു. എന്നാല്‍ കാര്യമായി മര്‍ദിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.