കൊച്ചി: സുപ്രീം കോടതി ഉത്തരവ് പ്രകാരം കൊച്ചി മരടിലെ നാല് ഫ്ളാറ്റുകളിലെ താമസക്കാരെ ഇന്ന് ഒഴിപ്പിച്ച് തുടങ്ങും. ഒക്ടോബര്‍ നാലിന് ഉള്ളില്‍ ഫ്ളാറ്റിലെ എല്ലാ താമസക്കാരെയും ഒഴിപ്പിക്കും. അതേസമയം ഫ്ളാറ്റ് ഒഴിയുന്നതിന് തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന ആവശ്യവുമായി ഫ്ളാറ്റ് ഉടമകളും രംഗത്ത് എത്തിയിട്ടുണ്ട്.
ഫ്ളാറ്റ് ഒഴിയാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍ ഇന്നുമുതല്‍ നിരാഹാര സമരം ആരംഭിക്കും. അതേസമയം നഗരസഭ സെക്രട്ടറി കൂടിയായ സബ് കളക്ടറുടെ നേതൃത്ത്വത്തിലുള്ള സംഘം ഇന്ന് ഫ്ളാറ്റുകളിലെത്തി ഉടമകളെ കണ്ട് അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ ഫ്ളാറ്റ് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടും.
ഒഴിപ്പിക്കല്‍ നടപടിക്ക് മുന്നോടിയായി ഫ്ളാറ്റിലെ വിച്ഛേദിച്ച വൈദ്യുതിയും വെള്ളവും ഇന്ന് പുനഃസ്ഥാപിക്കും. ഫ്ളാറ്റിലെ താമസക്കാര്‍ക്ക് സാധനങ്ങള്‍ സൗകര്യപ്രദമായി നീക്കുന്നതിനാണ് ഇത്. ഒഴിഞ്ഞുപോകുന്നവര്‍ക്ക് പകരം താമസത്തിന് ഫ്ളാറ്റുകള്‍ നഗരസഭ വാടകയ്ക്ക് ഒരുക്കും. എന്നാല്‍ വാടക അതാതത് കുടുംബങ്ങള്‍ നല്‍കണം. നഗരസഭയുടെ താല്‍ക്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ക്ക് ഇന്ന് കൂടി അപേക്ഷിക്കാവുന്നതാണ്. ഫ്ളാറ്റ് ഒഴിഞ്ഞ് പോകുന്നവര്‍ക്ക് അവരുടെ വീട്ടുപകരണങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ സ്വകാര്യ ഏജന്‍സികളോട് ചാര്‍ജ്ജ് കുറയ്ക്കാനും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കോടതി പറഞ്ഞ പ്രാഥമിക നഷ്ടപരിഹാര തുകയായ 25 ലക്ഷം രൂപ ഉടനടി ലഭ്യമാക്കണമെന്നും ഫ്ളാറ്റുകളുടെ മൂല്യം നിര്‍ണയിച്ച് നഷ്ടപരിഹാരത്തുക പരിഷ്കരിക്കണം എന്നുമാണ് ഫ്ളാറ്റ് ഉടമകളുടെ ആവശ്യം. ഇക്കാര്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ഫ്ളാറ്റുടമകള്‍ ഇന്നുമുതല്‍ നിരാഹാര സമരം ആരംഭിക്കുന്നത്.