ആലപ്പുഴ: കായംകുളത്ത് ദമ്പതികളെ സദാചാരവാദികള്‍ മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കണ്ടിയൂര്‍ കുന്നുംപുറത്തു വടക്കതില്‍ കണ്ണന് (37), കണ്ടത്തില്‍ അനന്തു (22), ചെമ്പംപറമ്പില്‍ വസിഷ്ഠ് (18), മണപ്പുറത്ത് അനൂപ് (28), കൊട്ടാരത്തില്‍ ആര്‍എംകെ മന്ദിരത്തില്‍ മിഥുന് (26) എന്നിവരെയാണു അറസ്റ്റ് ചെയ്തത്. കായംകുളം മുതുകുളം തെക്ക് ശിവഭവന്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവര്‍ക്കാണ് സദാചാര പോലീസ് ചമഞ്ഞെത്തിയ യുവാക്കളുടെ ആക്രമണം. ഇരുവരും കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം വൈകീട്ട് ആറോടെ അച്ചന്‍കോവിലാറിന്റെ തീരത്തു കണ്ടിയൂര്‍ കടവിലാണ് സംഭവം. വിദേശത്തു ജോലിയുള്ള ശിവപ്രസാദ് ഭാര്യക്കും ഭാര്യാ സഹോദരന് അഭിജിത്തിനുമൊപ്പം ടിക്കറ്റ് സംബന്ധിച്ച കാര്യത്തിനായി മാവേലിക്കരയിലെത്തുകയായിരുന്നു. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞതോടെ മൂവരും കണ്ടിയൂര്‍ കടവിലെത്തി. തുടര്‍ന്ന് കടവില്‍ ഉണ്ടായിരുന്ന ഒരാള്‍ സദാചാര പോലീസ് ചമഞ്ഞു ശിവപ്രസാദുമായി വാക്കുതര്‍ക്കം ഉണ്ടായി. ശേഷം ഇയാള്‍ അറിയിച്ചതിനുസരിച്ചു സ്ഥലത്തെത്തിയ യുവാക്കള്‍ ശിവപ്രസാദിനെയും ഭാര്യയേയും മര്‍ദിക്കുകയായിരുന്നു.