തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമ ടിക്കറ്റുകള്‍ക്ക് വിനോദനികുതി ഈടാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമാ രംഗത്തെ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുമാണു നേരത്തേയിറക്കിയ ഉത്തരവു തദ്ദേശഭരണ വകുപ്പു ഭേദഗതി വരുത്തി ഇറക്കിയത്.
100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 5 ശതമാനവും നികുതിയാണ് ഈടാക്കുക. ഇ-ടിക്കറ്റിംഗ് നിലവില്‍ വരുന്നത് വരെ ടിക്കറ്റുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യേണ്ട. ഇതിനു പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തീയതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഒടുക്കണം.
ജിഎസ്ടി നിലവില്‍ വന്നപ്പോഴാണു തദ്ദേശ സ്ഥാപനങ്ങള്‍ പിരിച്ചിരുന്ന വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നത്. സിനിമാ ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി നിരക്ക് ഇരുപത്തെട്ടില്‍ നിന്ന് പതിനെട്ടിലേക്ക് കുറച്ച സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ വരുമാന നഷ്ടം കുറയ്ക്കുന്നതിനാണ് സിനിമ ടിക്കറ്റിന്മേല് വിനോദനികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ചുള്ള വ്യവസ്ഥകള്‍ 2019-ലെ കേരള ധനകാര്യബില്ലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയ്ച്ചു.