ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതിയില്‍ പെട്ട ദുരിതബാധിതര്‍ക്കൊപ്പം താനുണ്ടാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. കേരളത്തിലെ പ്രധാന ജലമേളകളിനൊന്നായ 67-മത് നെഹ്രു ട്രോഫി വള്ളംകളിയില്‍ മുറ്യ അതിഥിയായിരുന്നു സച്ചിന്. ഈ അവസരത്തിലാണ് സച്ചിന് തന്റെ പിന്തുണ അറിയിച്ചത്. പ്രളയത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പമാണ് തന്റെ മനസ്സ്. ആ വെല്ലുവിളികളെല്ലാം മറികടക്കേണ്ട സമയമാണിത്. കായിക ഇനങ്ങളോടു കേരളം കാണിക്കുന്ന പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും സച്ചിന് പറഞ്ഞു.
നേരത്തെ ഓഗസ്റ്റ് 10ന് നടത്താനിരുന്ന നെഹ്രു ട്രോഫി വള്ളംകളി സംസ്ഥാനത്തുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. നെഹ്റു ട്രോഫിക്കൊപ്പം പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗിനും (സിബിഎല്‍) ഇന്ന് പുന്നമടക്കായലില്‍ തുടക്കമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നെഹ്റു ട്രോഫി വള്ളംകളിയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒമ്പത് ചുണ്ടന് വള്ളങ്ങളായിരിക്കും ഇനി കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും പങ്കെടുക്കുന്നതാണ് ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത.