കൊല്ലം: കൊല്ലത്ത് പിഞ്ചുകുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. കുളത്തൂപുഴ സ്വദേശികളായ വിനോദ്-മഞ്ജു ദമ്പതികളുടെ 58 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ചികിത്സ കിട്ടാതെ മരിച്ചത്. പനി ബാധിച്ച് ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയായിരുന്നെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
എക്സ് റേ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിന് പണമില്ലാത്തതിനാല്‍ തിരികെ പോവേണ്ടിവന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ശേഷം വീട്ടിലെത്തിയ കുട്ടി വൈകീട്ടോടെ അനക്കമില്ലാത്ത അവസ്ഥയിലായി. തുടര്‍ന്ന് കുളത്തൂപുഴയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുഞ്ഞ് മരിച്ചിട്ട് മൂന്ന് മണഇക്കൂര്‍ കഴിഞ്ഞെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞ വിവരം. കുഞ്ഞിനെ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്.
അതേസമയം, കുട്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ചികിത്സ സൗജന്യമാണെന്നും ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഡോക്ടര്‍ മരുന്ന് നിര്‍ദേശിച്ചിട്ടും രക്ഷിതാക്കള്‍ വാങ്ങിയില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.