പയ്യന്നൂര്‍: പയ്യന്നൂരില്‍ നടുറോഡില്‍ മദ്യലഹരിയില്‍ യുവാവിന്റെ പരാക്രമത്തില്‍ ദുരന്തമനുഭവിക്കേണ്ടി വന്നത് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക്. പയ്യന്നൂര്‍ ടൗണ്‍ പഴയ ബസ് സ്റ്റാന്‍ഡിന് പടിഞ്ഞാറ് ഭാഗം റെയില്‍വേ സ്റ്റേഷന് റോഡിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മദ്യലഹരിയില്‍ ലക്കുക്കെട്ടു യുവാവ് നടുറോഡില്‍ നൃത്തം ചെയ്ത് പുറകോട്ട് നീങ്ങുമ്പോഴാണ് അപകടം.
ഓടി കൊണ്ടിരിക്കുന്ന ബൈക്കിന് മുന്നിലുള്ള യുവാവിന്റെ അഭ്യാസത്തിനിടെ നിയന്ത്രണം വിട്ട് ബൈക്കിന് അരികിലൂടെ വന്ന ബസിന്റെ അടിയില്‍ ബൈക്ക് യാത്രക്കാര്‍ വീഴുകയായിരുന്നു. ചക്രങ്ങള്‍ക്കടിയില്‍ പെടാതെ ബൈക്ക് യാത്രികരായ ദമ്പതികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. തുടര്‍ന്ന് ബസ് നിര്‍ത്തി ബസിലെ യാത്രക്കാരും നാട്ടുകാരും ഓടി കൂടി. പരുക്കേറ്റ വാടിപ്പുറത്തെ കെസാബു, ഭാര്യ സിന്ധു എന്നിവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.