കാക്കനാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ പഴുതാര പിടിയിലായി. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനായ ബൈക്ക് യാത്രക്കാരന്റെ ഹെല്മെറ്റിനുള്ളില് നിന്നാണ് പഴുതാരയെ കണ്ടെത്തിയത്. ഇയാള്‍ ഹെല്‍മെറ്റ് തലയില്‍ വെയ്ക്കാതെ യാത്രചെയ്തതിന് പിടിയിലായപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഹെല്മെറ്റിനുള്ളില് പഴുതാരയെ കണ്ടെത്തിയത്.
ബുധനാഴ്ചയായിരുന്നു സംഭവം. ഹെല്‍മെറ്റ് തലയില്‍ വയ്ക്കാതെ തൂക്കിയിട്ട് ബൈക്ക് ഓടിച്ചു വന്ന യുവാവിനെ ഇന്‍ഫോ പാര്‍ക്ക് ഭാഗത്തുവെച്ചാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പിടികൂടിയത്. ഹെല്‍മെറ്റ് കൈയിലുണ്ടായിരുന്നിട്ടും ധരിക്കാത്തതെന്തെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ തലയില്‍ എന്തോ ഓടിക്കളിക്കുകയാണെന്നും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഊരി മാറ്റിയതാണെന്നും യുവാവ് മറുപടി നല്കി.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഹെല്‍മെറ്റ് പരിശോധിച്ചപ്പോള്‍ കണ്ടത് ഒരു വലിയ പഴുതാരയെയാണ്. ഹെല്‍മെറ്റ് തലയില്‍ വയ്ക്കാത്തതിന്റെ യഥാര്‍ഥ കാരണം മനസ്സിലായതോടെ ഉദ്യോഗസ്ഥരും അയഞ്ഞു. ഇനി യാത്രയ്ക്ക് ഇറങ്ങും മുന്‍പ് ഹെല്‍മെറ്റ് വിശദമായി പരിശോധിച്ച് തലയില്‍ വെയ്ക്കണമെന്ന ഉപദേശവും നല്കി പിഴ ഈടാക്കാതെ യാത്രക്കാരനെ ഉദ്യോഗസ്ഥര്‍ വിടുകയായിരുന്നു.